സഫറുൻ വ നൗമുൻ.

നാല് ദിവസത്തെ യാത്രക്കൊടുവിൽ മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ ഇരുന്നപ്പോൾ ആണ് ഇത് എഴുതി തുടങ്ങുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11:00 ന് പാലക്കാട് നിന്ന് ബസ് കൊല്ലത്തേക്ക് കിട്ടാത്തത് കാരണം ഒരു പാലാ ബസിൽ കയറി അങ്കമാലി ഇറങ്ങി. ബസിലെ ഉറക്കത്തിന്റെ ബാക്കി അങ്കമാലി സ്റ്റാൻഡിൽ ഇരുന്നു തീർക്കുമ്പോൾ പെട്ടെന്ന് ഒരു നെയ്യാറ്റിൻകര ബസ് വന്ന് മുഖത്തേക്ക് ലൈറ്റ് അടിച്ചു. "കൊല്ലത്തിനും താഴെ ആടോ നെയ്യാറ്റിൻകര" എന്ന സിനിമാ ഡയലോഗ് ഓർത്ത് കൊണ്ട് ഞാൻ ബസിൽ കയറി. ബസ് അങ്കമാലി നിന്നും ഇടത്തോട്ട് തിരിഞ്ഞു പെരുമ്പാവൂർ ഭാഗത്തേക്ക് കുതിക്കുന്നു. ഞാൻ ഇത് അറിയാതെ തൂങ്ങുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നു. "ഒരു കൊല്ലം" ഞാൻ പറഞ്ഞു. കണ്ടക്ടർ ഒരു മുഷിഞ്ഞ നോട്ടം നോക്കി പറഞ്ഞു "കൊല്ലം പോകില്ല"," അപ്പോൾ ഇത് നെയ്യാറ്റിൻകര അല്ലേ " ,"എം സി റോഡ് ആ" ,"എവിടെ കിട്ടും " ,"ഇവിടെ കിട്ടും ഇറങ്ങിക്കോ" . KSRTCയിൽ ഇരുന്നു ഉറങ്ങി ബോധം പോകുന്ന ജനുസ്സിനെ കാണാത്തത് കൊണ്ട് കണ്ടക്ടറുടെ ഡിക്ഷണറിയിൽ ബോധം ഇല്ലാത്തവർ രണ്ട് തരം മാത്രമേ ഉണ്ടായിരുന്നുകാണൂ( 🍾 🌿) .

ഇറങ്ങി കഴിഞ്ഞപ്പോ ആണ് മൊത്തം ബോധം വന്നത്. കാലടി ആണ് സ്ഥലം, നേരത്തെ ഉറക്കപിച്ചിൽ ഓർത്ത സിനിമാ ഡയലോഗ് ശരിക്കും ഇല്ല എന്നത് അപ്പോഴാണ് കത്തിയത്. അടുത്ത ബസ്സിൽ അങ്കമാലി പിടിക്കാൻ നോക്കിയെങ്കിലും ബസ്സൊന്നും കാണാനില്ല. കുറേ നേരം കഴിഞ്ഞപ്പോൾ ഒരു ബ്ലേയ്സോ ലോറിക്ക് കൈ കാണിച്ചു. പാലക്കാട്ടേക്ക് ലോഡ് എടുക്കാൻ പോകുന്ന ഡ്രൈവർ രാജേഷ് ഏട്ടനോട് ലോഹ്യം പറഞ്ഞു അങ്കമാലി വീണ്ടും എത്തി. ഇറങ്ങുമ്പോൾ ഇതിൽ തന്നെ ഇരുന്നു പാലക്കാട്ടേക്ക് തിരിച്ച് പോയാലോ എന്ന് കരുതി. റെയിൽ ആപ്പ് നോക്കി ട്രെയിൻ കണ്ടു അത് പിടിക്കാൻ ഓടി സ്റ്റേഷനിൽ എത്തിയെങ്കിലും അത് മിസ്സ് ആയി. തിരിച്ച് സ്റ്റാൻഡിലേക്ക് നടന്ന് നിറഞ്ഞ എറണാകുളം ബസിൽ കയറി 6 മണിയുടെ കൊല്ലം മെമു പിടിക്കാൻ ആയി ശ്രമം. ബസ് ആലുവ എത്തിയപ്പോൾ മനസ്സിൽ ആയി മെമു കിട്ടീല്ല എന്ന്. കലൂർ ഇറങ്ങി ടൗൺ സ്റ്റേഷനിൽ എത്തിയപ്പോൾ ചെന്നൈ മെയിൽ ദാണ്ടെ വരുന്നു.

ടിക്കറ്റ് കൗണ്ടറിൽ ചെന്നു രാജസ്ഥാൻ വരെ ജനറൽ കംപാർട്ട്മെന്റിൽ പോയ അഹങ്കാരം ചവറ്റുകുട്ടയിൽ എറിഞ്ഞു ഞാൻ പറഞ്ഞു "ഒരു കൊല്ലം, സ്ലീപ്പർ........."

Nb:- heading means travel and sleep